വേദനയില്ലാതെ പ്രസവം സാധ്യമോ?

സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ‘മാതൃത്വം’. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ ആരോഗ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ തുടങ്ങി പലവിധ സംശയങ്ങളും, വ്യാകുലതകളും സ്ത്രീകളില്‍ ഉടലെടുക്കാറുണ്ട്, പ്രത്യേകിച്ചും ആദ്യപ്രസവത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളില്‍. ഇത്തരം സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളും, നിര്‍ദ്ദേശങ്ങളും അന്വേഷിക്കുമ്പോള്‍ പലപ്പോഴും തെറ്റായും പേടിപ്പെടുത്തുന്ന തരത്തിലുമാകും ഉത്തരങ്ങള്‍ ലഭിക്കുക.

അത്തരത്തില്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഒരു വ്യാകുലതയാണ് പ്രസവസമയത്തുള്ള വേദന. ഇത് ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്ന മിക്ക സ്ത്രീകള്‍ക്കും ഒരു പേടിസ്വപ്നമാണ്. അതിനാല്‍ ഈ ഭയവും ആശങ്കകളും മാറ്റുവാന്‍  പ്രസവ സമയത്തെ വേദനയുടെ ശാസ്ത്രീയ വശങ്ങള്‍, കഴിക്കേണ്ട പോഷകാഹാരങ്ങള്‍,വ്യായാമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റിന്‍റെ കൌണ്‍സിലിങ്ങിലൂടെ നേടേണ്ടത് വളരെ അത്യാവശ്യമാണ്.

പ്രസവസമയത്തെ വേദന നിയന്ത്രിക്കുവാന്‍ ഇപ്പോള്‍  അത്യാധുനിക രീതികളാണ് പല ഡോക്ടര്‍മാരും/ ആശുപത്രികളും അവലംബിക്കുന്നത്. ഇതില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച രീതിയാണ് എപിട്യുറല്‍ അനസ്തേഷ്യ (Epidural anaesthesia), ഇത് ഗര്‍ഭിണിയെ സുഖപ്രസവത്തിനായി പ്രാപ്തയാക്കുന്നു.

എന്താണ് എപിട്യുറല്‍ അനസ്തേഷ്യ?

അരക്കെട്ടിനു താഴെ നട്ടെല്ലിന് സമീപത്തായി കുത്തിവയ്ക്കപ്പെടുന്ന ഒരു ചെറിയ ഇന്‍ജെക്ഷന്‍ ആണ് എപിട്യുറല്‍. ഇന്‍ജെക്ഷന്‍ ചെയ്യുമ്പോള്‍ ഒരു നൂലിന്‍റെ വണ്ണത്തിലുള്ള ട്യൂബ് അരക്കെട്ടിലേയ്ക്ക് കടത്തിവിടുന്നു. ഇതിലൂടെ മരുന്നുകള്‍ ശരീരത്തിലേയ്ക്ക് കയറ്റുവിടുന്ന മരുന്നുകള്‍ അരക്കെട്ടിനെ മരവിപ്പിക്കുകയും അതിലൂടെ സാധാരണ സുഖപ്രസവത്തിന് സാധിക്കുകയും ചെയ്യുന്നു. അരക്കെട്ട് മരവിച്ചാലും ചലനം സാധ്യമാകും.  ഈ മരുന്നുകള്‍ കുഞ്ഞിനും അമ്മയ്ക്കും തികച്ചും സുരക്ഷിതമാണ്. എപിട്യുറല്‍ ചെയ്യുന്നതുവഴി ശരീരഭാഗം വികസിക്കുന്നത് അനുഭവപ്പെടുമെങ്കിലും വേദന അറിയില്ല.

ഗുണങ്ങള്‍:

  •  വേദന ഒട്ടും അനുഭവിക്കേണ്ടി വരില്ല.
  • ചലനത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.
  • സാധാരണ നട്ടെല്ലില്‍ ചെയ്യുന്ന അനസ്തേഷ്യയുടെ പാര്‍ശ്വഫലമായ തലവേദന ഉണ്ടാകില്ല.
  • അമ്മ പ്രസവസമയം ഉണര്‍ന്നിരിക്കും.
  • ആവശ്യമെങ്കില്‍ ഈ അനസ്തേഷ്യ ഉള്ളപ്പോള്‍ തന്നെ ഇന്‍സ്ട്രുമെന്‍റല്‍ പ്രസവം നടത്തുവാന്‍ സാധിക്കും.

പ്രതികൂലമായ ഗുണങ്ങള്‍:

  • രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുക.
  • വസ്തിപ്രദേശം റിലാക്സ് ആയതിനാല്‍, ചിലപ്പോള്‍ കുഞ്ഞിന്‍റെ ശിരസ്സ് തിരിഞ്ഞ് വരുകയില്ല. ഈ സമയം ഫോര്‍സെപ്സ് ഉപയോഗിക്കേണ്ടതായി വരാം.
  • ഇന്‍സ്ട്രുമെന്‍റല്‍, സിസേറിയന്‍ എന്നീ പ്രസവ രീതികള്‍ക്ക് സാധ്യത അല്‍പ്പം കൂടാന്‍ ഇടയുണ്ട്.
Authors

Related posts

Top