ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ  ആരോഗ്യം പരിഗണിച്ച് ഗര്‍ഭിണികള്‍ സന്തോഷത്തോടെയിരിക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ സ്വഭാവം കുഞ്ഞിന്‍റെ ശരീര ഭാരത്തെ ബാധിക്കുമത്രെ.

അച്ഛനും അമ്മയും പോസിറ്റീവ് ആയിരുന്നാല്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും. അഥവാ അമ്മ മാനസിക സമ്മര്‍ദ്ദത്തിലായാല്‍ കുട്ടി കൗമാരക്കാരനാകുമ്പോള്‍ അമിത വണ്ണം മൂലം ബുദ്ധിമുട്ടുമത്രെ. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഴായിരം രക്ഷിതാക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

നെഗറ്റീവ് മനോഭാവം, സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലായ്മ എന്നിവ ജീവിതരീതികളില്‍ മാറ്റം ഉണ്ടാക്കുന്നു. ഇത് കുട്ടികളില്‍ കൗമാരപ്രായത്തില്‍ ഭാരം കൂടുതല്‍ ഉണ്ടാകാന്‍ കാരണമായേക്കുമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. ഗര്‍ഭകാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടാല്‍ അത് കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞിന്‍റെ ശാരീരിക വളര്‍ച്ചയെയും ബുദ്ധിവളര്‍ച്ചയെയും ആകുമെന്ന് പഠനത്തില്‍ പറയുന്നു. ഏതായാലും നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം നമുക്ക് വളരെ വലുത് തന്നെ. അതിനാല്‍ ഗര്‍ഭ കാലത്ത് പരമാവധി സന്തോഷത്തോടെയും ആരോഗ്യത്തോടെയും മുന്നോട്ട് പോകാം.

Authors

Related posts

Top